സുൽത്താൻ ബത്തേരി: മഴ മാറിയതിനുപിന്നാലെ ചൂട് ശക്തമായിരിക്കേ രാത്രി ഇടയ്ക്കിടെയുണ്ടാകുന്ന വൈദ്യുതി നിയന്ത്രണം ജനജീവിതം ദുരിതത്തിലാക്കുന്നു. മുന്നറിയിപ്പില്ലാതെയാണ് പലപ്പോഴും വൈദ്യുതി വിതരണം നിലയ്ക്കുന്നത്. സന്ധ്യക്കുശേഷമാണ് വൈദ്യുതി മുടക്കം കൂടുതൽ അനുഭവപ്പെടുന്നത്. പകലിനെ അപേക്ഷിച്ച് രാത്രിയിലെ വൈദ്യുതി മുടക്കം ആളുകളെ ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്.
അന്തരീക്ഷ താപനില ഉയർന്ന സാഹചര്യത്തിൽ ഫാൻ പ്രവർത്തിപ്പിക്കാതെ വീടുകളിൽ കഴിയുക പ്രയാസമാണ്. രാത്രി വൈദ്യുതി നിലച്ചാൽ കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ളവർ ഉറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഏതാനും ദിവസങ്ങളായി പകലും രാത്രിയും ചൂട് വർധിച്ചിട്ടുണ്ട്. ഇതിനിടെയാണ് അപ്രതീക്ഷിത വൈദ്യുതി മുടക്കം. വൈദ്യുതി ഉപഭോഗം കൂടുതലുള്ള വൈകുന്നേരങ്ങളിലും രാത്രിയിലും നിയന്ത്രണം ഏർപ്പെടുത്തുന്നത് ഗാർഹിക ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുകയാണ്. ഫാൻ, ഫ്രിഡ്ജ്, വാട്ടർപന്പ് തുടങ്ങിയ ഉപകരണങ്ങൾ വൈദ്യുതി ഇല്ലാത്തപ്പോൾ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല.
വൈദ്യുതി പോയിവരുന്പോൾ ഉണ്ടാകുന്ന വോൾട്ടേജ് വ്യതിയാനം വൈദ്യുതോപകരണങ്ങൾക്ക് ഭീഷണിയാണ്. വൈദ്യുതി ഉപഭോഗം വർധിക്കുന്ന സാഹചര്യത്തിൽ ബില്ലിൽ വലിയ വർധനയുണ്ടാകുമെന്ന് ഉപഭോക്താക്കൾ ആശങ്കപ്പെടുന്നു. വൈകുന്നേരം ആറിന് ശേഷമുള്ള വൈദ്യുതി ഉപയോഗത്തിന് നിരക്ക് വർധിക്കുന്ന സമയക്രമം ബാധകമാകുന്നത് സാധാരണ കുടുംബങ്ങളുടെ വൈദ്യുതി ചെലവ് കൂടുന്നതിന് കാരണമാകും. വൈദ്യുതി മുടക്കത്തിനുള്ള കാരണം ഉത്പദനത്തിലോ വിതരണത്തിലോ ഉള്ള പ്രതിസന്ധിയായാലും അറ്റകുറ്റപ്പണികളായാലും മുൻകൂട്ടി അറിയിപ്പ് നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചൂട് കൂടുന്ന സാഹചര്യത്തിൽ രാത്രികാല വൈദ്യുതി നിയന്ത്രണത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാണ്.
മുന്നറിയിപ്പില്ലാത്ത വൈദ്യുതി നിയന്ത്രണം വ്യാപാരത്തെ തളർത്തുന്നു
മുന്നറിയിപ്പില്ലാത്ത വൈദ്യുതി നിയന്ത്രണം വ്യാപാരസ്ഥാപനങ്ങളെ ഗുരുതരമായാണ് ബാധിക്കുന്നത്. വൈദ്യുതി നിലയ്ക്കുന്നതോടെ കടകളിലെ ദൈനംദിന പ്രവർത്തനങ്ങൾ തടസപ്പെടുകയാണ്. വൈകുന്നേരങ്ങളിലും തിരക്കേറിയ സമയങ്ങളിലും അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങുന്നത് വ്യാപാരികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വൈദ്യുതിയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അധിക ചെലവിൽ ജനറേറ്ററുകളെയോ മറ്റ് സംവിധാനങ്ങളെയോ ആശ്രയിക്കേണ്ട സാഹചര്യവുമുണ്ട്.
വൈദ്യുതി നിയന്ത്രണം അനിവാര്യമാണെങ്കിൽ പോലും മുൻകൂട്ടി അറിയിക്കുന്ന സംവിധാനം ഉണ്ടാകണം. വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ആവശ്യമായ മുന്നൊരുക്കം നടത്താൻ ഇത് സഹായിക്കും. നിരന്തര വൈദ്യുതി തടസത്തിന് ശാശ്വത പരിഹാരം കാണാൻ വൈദ്യുതി വകുപ്പ് സത്വര നടപടി സ്വീകരിക്കണം. വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്ന നിലവിലെ സാഹചര്യം തുടരാൻ അനുവദിക്കരുത്.
പി.എം. ജയശ്രീ, ജില്ലാ സെക്രട്ടറി,ബ്യൂട്ടി പാർലർ ഓണേഴ്സ് സമിതി
വൈദ്യുതി നിയന്ത്രണം കർഷകരെയും ചെറുകിട വ്യവസായങ്ങളെയും തളർത്തുന്നു
വൈദ്യുതി നിയന്ത്രണം കർഷകരെയും ചെറുകിട വ്യവസായ സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കുകയാണ്. നഷ്ടത്തിലോ കുറഞ്ഞ ലാഭത്തിലോ പ്രവർത്തിക്കുന്ന ചെറുകിട വ്യവസായ യൂണിറ്റുകളുടെ പ്രവർത്തനം വൈദ്യുതി മുടക്കംമൂലം നിർത്തിവയ്ക്കേണ്ട അവസ്ഥയിലാണ്. യന്ത്രങ്ങൾ പ്രവർത്തിക്കുന്നതിനിടെ വൈദ്യുതി നിലയ്ക്കുന്നത് ഉത്പാദനത്തെ ബാധിക്കുന്നതിനൊപ്പം അസംസ്കൃത വസ്തുക്കളുടെ നഷ്ടത്തിനും യന്ത്രസാമഗ്രികളുടെ തകരാറിനും കാരണമാകും. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്ന സമയം കൃത്യമായി അറിയാത്തതും സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കുകയാണ്.
ജലസേചനത്തിനും കാർഷികാനുബന്ധ പ്രവർത്തനങ്ങൾക്കും വൈദ്യുതി അനിവാര്യമായ സാഹചര്യത്തിൽ സമയക്രമമില്ലാത്ത വൈദ്യുതി മുടക്കം കൃഷിപ്പണികൾ അവതാളത്തിലാക്കുകയാണ്. കൃഷിയിടങ്ങളിൽ ജലസേചനം തടസപ്പെടുന്നത് വിളകളുടെ ഉത്പാദനത്തെയും ഗുണനിലവാരത്തെയും ബാധിക്കും. വൈദ്യുതി ബില്ലിലെ വർധനയും ഉപഭോക്താക്കൾക്ക് അധിക സാന്പത്തിക ബാധ്യതയാകുകയാണ്.
വൈദ്യുതി നിയന്ത്രണം അനിവാര്യമായ സാഹചര്യങ്ങളുണ്ടെങ്കിൽ പോലും മുൻകൂട്ടി ജനങ്ങളെയും സ്ഥാപനങ്ങളെയും അറിയിക്കുന്നതിന് സംവിധാനം വേണം. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് താത്കാലിക നിയന്ത്രണങ്ങൾക്കപ്പുറം ശാശ്വതപരിഹാരം കാണാൻ വൈദ്യുതി വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം.
പി.എം. ജോയി, ചെയർമാൻ, കർഷകമിത്രം
വൈദ്യുതി മുടക്കം വീട്ടമ്മമാരെയും വിദ്യാർഥികളെയും ദുരിതത്തിലാക്കുന്നു
മുന്നറിയിപ്പില്ലാതെയുള്ള വൈദ്യുതി നിയന്ത്രണം വീട്ടമ്മമാരെയും വിദ്യാർഥികളെയും ബുദ്ധിമുട്ടിലാക്കുകയാണ്. പകൽ ജോലിയും പഠനവും കഴിഞ്ഞ് കുടുംബാംഗങ്ങൾ വീട്ടിലെത്തുന്ന സമയത്താണ് പലപ്പോഴും വൈദ്യുതി മുടങ്ങുന്നത്. ഇതോടെ വീട്ടുജോലികൾ ക്രമീകരിക്കുന്നതിനും കുട്ടികളുടെ പഠനത്തിനും തടസം നേരിടുകയാണ്.
വൈദ്യുതി മുടങ്ങുന്നതോടെ പാചകം, വെള്ളം പന്പ് ചെയ്യൽ തുടങ്ങിയവ തടസപ്പെടും. കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ അവതാളത്തിലാകും. ഫാൻ ഉൾപ്പെടെ വൈദ്യുതോപകരണങ്ങൾ പ്രവർത്തിക്കാതാകുന്നതും വലിയ പ്രയാസത്തിന് കാരണമാകും. വൈദ്യുതി നിയന്ത്രണം വിദ്യാർഥികളുടെ പഠനസമയവും കുടുംബങ്ങളുടെ പ്രധാന ജോലിസമയവും പരിഗണിച്ച് കമീകരിക്കണം. മുന്നറിയിപ്പില്ലാത്ത വൈദ്യുതി മുടക്കം ഒഴിവാക്കണം.
സനിത രജിത്ത്, അസി.പ്രഫസർ, ഡോണ് ബോസ്കോ കോളജ്